പത്തനംതിട്ട:യു. പ്രതിഭ എം.എൽ.എയെ ലക്ഷ്യമാക്കി യുഡിഎഫ് നേതാവിൽ നിന്നുണ്ടായ അവഹേളനപരമായ പ്രസ്താവന കേരള പൊതു സമൂഹത്തിന് അപമാനകരമാണെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, കേന്ദ്ര പാർലമെന്റ് ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവിച്ചു.
പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ഒരു വനിതാ ജനപ്രതിനിധിയെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങൾ വ്യക്തിപരമായ ആക്രമണമെന്നതിലുപരി, സ്ത്രീകളുടെ സാമൂഹിക മാന്യതയ്ക്കും പൊതുസമൂഹത്തിന്റെ മൂല്യങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണ് അനു ചാക്കോ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു
ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് സ്ഥാനം ഉണ്ടെങ്കിലും, അതിനെ സംസ്കാരപരമായും മാന്യമായും പ്രകടിപ്പിക്കേണ്ടത് രാഷ്ട്രീയ നേതാക്കളുടെ ഉത്തരവാദിത്തമാണ്. അസഭ്യപരമായ ഭാഷയും വ്യക്തിഹത്യയും രാഷ്ട്രീയ സംസ്കാരത്തെ തകർക്കുന്നതാണ്.
ഇത്തരം പ്രസ്താവനകൾ ആവർത്തിക്കാതിരിക്കാനും, ബന്ധപ്പെട്ട നേതാവ് പൊതുജനങ്ങളോട് ക്ഷമ ചോദിക്കണമെന്നും രാഷ്ട്രീയത്തിൽ പരസ്പര ബഹുമാനവും ശുദ്ധമായ സംസ്കാരവും നിലനിർത്തേണ്ടത് എല്ലാവരുടെയും കടമയാണ് അനു ചാക്കോ അഭിപ്രായപ്പെട്ടു.
