ജൂലൈ 5 ബിഹാറിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഏറെ സവിശേഷമായ പ്രാധാന്യമുള്ള ദിവസമാണ്. കാരണം, 1997-ലെ ഇതേ ദിവസമാണ് മുതിർന്ന സഹപ്രവർത്തകരുമായി ചേർന്ന്, പാവപ്പെട്ടവരും ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെയും ബുദ്ധിജീവികളുടെയും അവകാശങ്ങൾക്കായി നമ്മൾ രാഷ്ട്രീയ ജനതാദൾ രൂപീകരിച്ചത്. ഇതൊരു സാധാരണ ദിവസമല്ല; ബിഹാറിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയത്തിന്റെ ഗതിയും ദിശയും മാറിമറിഞ്ഞ ചരിത്രനിമിഷമാണിത്. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി രാഷ്ട്രീയ ജനതാ ദൾ നടത്തിയ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകൾ തികയില്ല. ബിഹാറിലെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ തകർത്തെറിയാനും, വികസിതവും ശക്തവും സമൃദ്ധവും സമത്വപൂർണ്ണവുമായ ഒരു നവ ബിഹാർ കെട്ടിപ്പടുക്കാനുമായിആർ.ജെ.ഡി.യുടെ എണ്ണമറ്റ സന്നദ്ധപ്രവർത്തകരും വോട്ടർമാരും രാജ്യത്തിന് തന്നെ മാതൃകയായ സേവനവും ത്യാഗവുമാണ് കാഴ്ചവെച്ചത്. പാർട്ടിയോട് കൂറുപുലർത്തുന്ന ഈ പ്രവർത്തകരുടെ ചോരയും വിയർപ്പും കൊണ്ടാണ് പ്രസ്ഥാനം വളർന്നത്. അവരുടെ ഊർജ്ജത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായാണ് പാർട്ടി ഇന്ന് കൂടുതൽ ശക്തമായി മുന്നോട്ട് പോകുന്നത്. എല്ലാ ഘട്ടങ്ങളിലും പാർട്ടിയെ പിന്തുണച്ച എല്ലാ നേതാക്കളെയും സഹപ്രവർത്തകരെയും പ്രവർത്തകരെയും നമുക്ക് അഭിവാദ്യം ചെയ്യാം
പാവപ്പെട്ടവർ, ഇരകൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, ദുർബലർ, അടിച്ചമർത്തപ്പെട്ടവർ എന്നിവർക്കൊപ്പം നിൽക്കുക എന്നതായിരുന്നു എക്കാലത്തും ആർ.ജെ.ഡി.യുടെ മുൻഗണനയും പ്രതിബദ്ധതയും.
മാറുന്ന കാലഘട്ടത്തിലും നമ്മുടെ രാഷ്ട്രീയം അടിസ്ഥാനപരമായി സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്കും ചൂഷണങ്ങൾക്കും എതിരാണ്.
തിളങ്ങുന്ന വിമാനത്താവളങ്ങളിലും ആഡംബര മാളുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ വികസന മാതൃക.
വികസനത്തിന്റെ എല്ലാ മേഖലകളിലും സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള പാവപ്പെട്ടവന്റെ പങ്കാളിത്തം ഉറപ്പാക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. ഈ മാളുകളിലും ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾ, കരകൗശല വിദഗ്ധർ, ജീവനക്കാർ എന്നിവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരിക എന്നതാണ് നമ്മുടെ ലക്ഷ്യം.അതിൽ കുറഞ്ഞതൊന്നും നമുക്ക് ഒട്ടും സ്വീകാര്യമല്ല.
സാമൂഹികവും രാഷ്ട്രീയവുമായ ഘടനകളിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കെതിരെ നിരന്തരം പോരാടിക്കൊണ്ട് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ വിശാലവും സമ്പന്നവും ഉൾക്കൊള്ളുന്നതുമാക്കാൻ നമുക്ക് സാധിച്ചു.ഈ യാത്രയിൽ, നാലോ അഞ്ചോ പതിറ്റാണ്ടുകൾക്ക് മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന പല ലക്ഷ്യങ്ങളും നമ്മൾ കൈവരിച്ചു.ലോഹ്യ, ജെ.പി., കർപ്പൂരി താക്കൂർ, അംബേദ്കർ എന്നിവരുടെ മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയും തീക്ഷ്ണതയുമാണ് ഈ നേട്ടങ്ങൾക്ക് കാരണം. ഈ പൈതൃകമാണ് നമ്മുടെ കരുത്തും മൂലധനവും! ഇനി സാമ്പത്തികവും മാനസികവുമായ ശാക്തീകരണത്തിനായുള്ള പോരാട്ടത്തെ അതിന്റെ പൂർണ്ണ ലക്ഷ്യത്തിലെത്തിക്കേണ്ടതുണ്ട്.രാജ്യത്തെ ജനകീയവും പുരോഗമനപരവും സോഷ്യലിസ്റ്റും ജനാധിപത്യപരവുമായ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന എല്ലാ കക്ഷികൾക്കും മേൽ ഇപ്പോൾ താൽക്കാലികമായ നിരാശയുടെ നിഴലുകൾ വീണിട്ടുണ്ട്. വിട്ടുവീഴ്ചകൾക്ക് വിധേയമാകുന്ന ഭരണഘടനാ സ്ഥാപനങ്ങൾ, അഗ്രസീവ് ആയ വിപണി വ്യവസ്ഥ, വോട്ടർമാരെ മാത്രമല്ല ജനപ്രതിനിധികളെപ്പോലും വിലയ്ക്കു വാങ്ങാൻ മൂലധനത്തിന്റെ പരിധിയില്ലാത്ത ഉപയോഗം, വലതുപക്ഷ പ്രതികരണ രാഷ്ട്രീയം എന്നിവ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് തന്നെ വലിയ വെല്ലുവിളികൾ ഉയർത്തുന്നു.
പിന്നാക്ക വിഭാഗങ്ങളുടെ പങ്കാളിത്തം, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങളിലെ സമത്വം, സുരക്ഷിതത്വം, അസമമായ വികസനം, സർക്കാരിന്റെ പരാജയങ്ങൾ എന്നിവയെല്ലാം കപടമായ ഒരു ‘ഹിന്ദുത്വ’ അജണ്ടയ്ക്ക് പിന്നിൽ മറച്ചുപിടിക്കപ്പെടുകയാണ്.സഖാക്കളെ, പലസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കിസ്വേച്ഛാധിപത്യത്തിലൂടെ രാജ്യത്തെ പിന്നോട്ട് നയിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.
നമ്മുടെ രാഷ്ട്രീയം ഈ സാഹചര്യത്തെ അംഗീകരിക്കാൻ അനുവദിക്കുന്നില്ല. അതിനാൽ, രാഷ്ട്രീയ ജനതാ ദളിന്റെ എല്ലാ സഹപ്രവർത്തകരും ഒട്ടും സമയം കളയാതെ ഈ ചരിത്രപരമായ പോരാട്ടത്തിന് തയ്യാറെടുക്കണം.
നമ്മുടെ പാർട്ടി വെറുമൊരു ‘തിരഞ്ഞെടുപ്പ് യന്ത്രം’ മാത്രമല്ലെന്ന് ഓരോ പ്രവർത്തകനും നേതാവും മനസ്സിലാക്കണം.
ജനകീയ കൂട്ടായ്മകളുമായും മറ്റ് പുരോഗമന വിഭാഗങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നതിലൂടെ, അവരുടെ പ്രശ്നങ്ങൾക്കായി പാർലമെന്റിലും തെരുവിലും ഒരുപോലെ പോരാടാൻ ആർ.ജെ.ഡി.ക്ക് കഴിയുമെന്ന് നമ്മൾ തെളിയിക്കണം. സഖാക്കളെ, ഈ പോരാട്ടം മുൻകാല പോരാട്ടങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. കാരണം,ഇത് ‘വിവേചനരഹിതമായ അതിസമ്പ ന്നതയും’ ‘ബോധപൂർവ്വമായ പാർശ്വവൽക്കരണവും’ തമ്മിലുള്ള പോരാട്ടമാണ്. ഇത് ‘ശക്തരും’ ‘ശക്തിഹീനരുമായ’ വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ ഭരണഘടനാ വിരുദ്ധമായ നടപടികൾ അവസാനിപ്പിക്കാനുള്ള പോരാട്ടമാണ്,
സംഘവും കോർപ്പറേറ്റ് കുടുംബങ്ങളുടെ പുതിയ സഖ്യവും’ തമ്മിലുള്ള പോരാട്ടമാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കർഷകരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും നിലനിൽപ്പിനായുള്ള പോരാട്ടമാണിത്.
അതിനാൽ ചെറുകിട ആശങ്കകളും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഈ പോരാട്ടത്തെ പൂർണ്ണ വിജയത്തിലെത്തിക്കാൻ നമ്മൾ ഒരുമിച്ച് പോരാടണം
ഇന്നത്തെ അവസരവാദപരവും നിരാശാജനകവും അനിശ്ചിതത്വവും നിറഞ്ഞ അന്തരീക്ഷത്തിൽ, ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു പ്രസ്ഥാനമുണ്ടെങ്കിൽ അത് ആർ.ജെ.ഡി.യാണ്.
രാഷ്ട്രീയ ജനതാദളിന്റെ 30-ാം സ്ഥാപക ദിനം എല്ലാ ജില്ലകളിലും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ വിപുലമായി ആഘോഷിക്കുകയാണ്.
നാഷണൽ എക്സിക്യൂട്ടീവ് പ്രസിഡന്റ് ശ്രീ തേജസ്വി യാദവിന്റെ അഭിസംബോധന എല്ലാവരും ശ്രദ്ധയോടെ കേൾക്കുകയാണ്.
വരും നാളുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ തലമുറകളിലെ ജെപിയായി മാറുവാൻ തേജസ് യാദവിന്റെ നേതൃത്വം ഉയർന്നുവരും എന്നതിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിൽ സോഷ്യലിസ്റ്റ്- ജനതാ- ജനതാദൾ പ്രസ്ഥാനങ്ങൾ ലയിച്ച് ഒറ്റ ജനതാദളി ആയി 1989-ൽ മഹാനായ വി പി സിങ്ങിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ജനതാദൾ വരും നാളുകളിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പുതിയൊരു രാഷ്ട്രീയ സഖ്യം രൂപീകൃതമാവുകയും ഇന്ത്യയിൽ ഒരു ശക്തമായ രാഷ്ട്രീയ ഭരണ മാറ്റ പ്രക്രിയയ്ക്ക് ഇതും കാരണമാകാൻ നമുക്ക് കാത്തിരിക്കാം
ആർ.ജെ.ഡി.യുടെ സ്ഥാപക ദിനത്തിൽ ഒരിക്കൽ കൂടി ജയ് ജയ് സോഷ്യലിസ്റ്റ് ഐക്യം ജയ് ആർ.ജെ.ഡി.! ജയ് ഹിന്ദ്!
ഭാരത് മാതാ കീ ജയ്!
*മാന്നാനം സുരേഷ്*(രാഷ്ട്രീയ ജനതാദൾ നേതാവ്, ലോഹ്യ കർമ്മസമിതി അഖിലേന്ത്യ പ്രസിഡന്റ് )
